കൈരളിക്ക്‌ ലഭിച്ച കുഞ്ചന്‍റെ തുള്ളല്‍ത്രയം

കേരളത്തിന്‍റെ പാട്ട് സാഹിത്യത്തിന് പലേ ശാഖകള്‍ സ്വത്തായി ലഭിച്ചിട്ടുണ്ട്. അവകളുടെ മുഖ്യധാരയില്‍ എക്കാലവും മാന്യവും മനോഹരവുമായ സ്ഥാനത്ത് നിലയുറപ്പിക്കുവാന്‍ കെല്പ്പുള്ള രംഗാവിഷ്ക്കാരമാണ് ഓട്ടന്‍തുള്ളല്‍. തുള്ളല്‍ സാഹിത്യം എന്ന പ്രസ്ഥാനത്തിന്‍റെ പ്രണേതാവായ കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ തന്‍റെ നാവും നാരായവും ശരീരഭാഷയും സമര്‍പ്പിച്ചുണ്ടാക്കിയതാണ് ഈ ധന്യകല. കിള്ളികുറിശ്ശിമംഗലത്ത് ജനിച്ചു, കിടങ്ങൂരും കുടമാളൂരും ജീവിച്ച് അനുഭവവും അറിവും നേടിയ ശേഷം ചെമ്പകശ്ശേരിയിലെത്തുന്നു . അവിടെ അമ്പലപ്പുഴയില്‍ ചാക്യാരുടെ മിഴാവ് കൊട്ടി കാലം കഴിക്കുന്നതിനിടയില്‍ ആ സകലകലാവല്ലഭനില്‍ നിന്ന് മലയാളക്കരയ്ക്ക് ഈ സമ്മോഹന സംസ്കൃതി സമ്മാനമായി കിട്ടി. തനിക്ക് വശപ്പെട്ടിരുന്ന കൂത്തും കൂടിയാട്ടവും സര്‍വ്വാകര്‍ഷകമായ നാടോടിക്കലാരൂപങ്ങളുമായി സമന്വയിപ്പിച്ച് കൊണ്ട് നമ്പ്യാര്‍ അവതരിപ്പിച്ചതാണ് ഓട്ടന്‍തുള്ളല്‍. ഓട്ടന്‍തുള്ളല്‍ എന്ന് പറഞ്ഞാല്‍ ശീതങ്കന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍ എന്നീ തുള്ളല്‍ ത്രയം എന്നര്‍ത്ഥം.സാഹിത്യസാഗരങ്ങളിലൊന്നായ തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ സാഹിത്യാംശങ്ങളുടെ ഒരു നേരിയ ഭാഗത്ത് പോലും കടക്കാതെ, അദ്ദേഹത്തിന്‍റെ വാഗ്മയ രൂപങ്ങളുടെ സമീപത്തു പോലും സന്ദര്‍ശിക്കാതെ കേവലം ആഹാര്യാംശങ്ങളിലേക്ക് മാത്രം ഒരു മിന്നല്‍ വെട്ടം നമുക്ക് തെളിച്ചു നോക്കാം.

കുഞ്ചന്‍റെ കാലത്തിനു മുമ്പ് തന്നെ കേരളത്തില്‍ പടയണി തുള്ളല്‍, കോലം തുള്ളല്‍, തുമ്പി തുള്ളല്‍, വെളിച്ചപ്പാട് തുള്ളല്‍, കണിയാന്‍ തുള്ളല്‍ തുടങ്ങിയ തുള്ളല്‍ വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവകളുടെ സ്വാധീനം പരിഷ്കൃത തുള്ളല്‍ പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട് എന്നുള്ളതും അഭിമാനിക്കാന്‍ വകയുള്ളതാണ്. തുള്ളല്‍ ത്രയത്തില്‍ തുള്ളല്‍ക്കാരന്‍ തന്നെയാണ് പാട്ടുപാടി നയിക്കുന്നത്. പിന്നണിക്കാരനായ കൈമണിക്കാരന്‍ തുടര്‍പാട്ട് പാടുന്നു. വാദ്യത്തിന് ഒരു മൃദംഗക്കാരനുമുണ്ടാകും. ഇത്രയുമാണ് തുള്ളലിനുള്ള ലളിതമായ അരങ്ങ് സംവിധാനം. കുരുത്തോലയും കുലവാഴയും കരിക്കിന്‍ കുലയും കെട്ടി അലങ്കരിച്ച വേദി ഏത് നാടന്‍ കലയ്ക്കുമെന്നപോലെ തുള്ളലിനും അഭികാമ്യമാണ്. ഇങ്ങനെയുള്ള അരങ്ങില്‍, കത്തിച്ചു വച്ച നിലവിളക്കിനു മുമ്പില്‍ തുള്ളല്‍ക്കാരന്‍റെ കച്ചമണി കിലുങ്ങുമ്പോള്‍ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരുടെ ആത്മാവ് നമ്മുടെയടുത്തു വന്നെത്തുകയാണ്. ആ സകലകലാവല്ലഭന്‍ സ്മരണകളിലൂടെ തുള്ളല്‍ വേദിക്കെപ്പോഴും സാക്ഷിയാവുകയാണ്.


ശീതങ്കന്‍തുള്ളല്‍ 

തുള്ളല്‍ പ്രസ്ഥാനത്തിലാദ്യമായി കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴയില്‍ അവതരിപ്പിച്ചത് ശീതങ്കന്‍തുള്ളല്‍ എന്ന വിഭാഗത്തെയാണ്. കല്യാണസൗഗന്ധികമായിരുന്നു ആദ്യകഥ. പുലയന്‍ എന്ന പദത്തില്‍ നിന്നാണ് ശീതങ്കന്‍ എന്ന പേര് ലഭിക്കാന്‍ ഇടവന്നത് എന്ന് പറയപ്പെടുന്നുണ്ട്. ഓട്ടന്‍ തുള്ളലിനേക്കാള്‍ അല്പം കൂടി വേഗത കുറഞ്ഞ രീതിയാണിത് അവലംബിക്കാറ്.

മുഖം മിനുക്കി, വാലിട്ടു കണ്ണെഴുതി, പൊട്ടും തൊട്ട് സുന്ദരമായ മുഖവുമായാണ് ശീതങ്കന്‍ തുള്ളല്‍ക്കാരന്‍റെ വരവ്. തലയില്‍ ഇടതു വശത്ത് മുകളിലായി അര അടി പൊക്കത്തില്‍ കൊണ്ട കെട്ടിവച്ച് തുണികൊണ്ട് ആകര്‍ഷകമായി പൊതിഞ്ഞിരിക്കും. കുരുത്തോലകൊണ്ടുള്ള ഒരു അലങ്കാരപ്പണി കൂടി തലയ്ക്കു ചുറ്റും ഉണ്ടാകും. കൂടാതെ കുരുത്തോല കൊണ്ട് നിര്‍മ്മിച്ചതായ പാവാടയും കുരുത്തോല മാലകളും തുള്ളല്‍ക്കാരന്‍റെ വേഷത്തിന് പുതുമ പകരുന്നു. സര്‍പ്പാകൃതിയില്‍ മെനഞ്ഞെടുത്ത കുരുത്തോല മാലകള്‍ കഴുത്തിലും കൈകളിലും അണിയുന്നു. കാലുകളില്‍ ഓട്ടന്‍തുള്ളലിനുള്ള ചിലമ്പുകള്‍ കെട്ടുകയും ചെയ്യും. 

കല്യാണസൗഗന്ധികം, സുന്ദോപസുന്ദോപാഖ്യാനം, ഹനുമദുത്ഭവം, കാളിയമര്‍ദ്ദനം, ഹരിണീസ്വയംവരം, കൃഷ്ണലീല, നൃഗമോക്ഷം, ബാല്യുത്ഭവം തുടങ്ങിയവ ശീതങ്കന്‍തുള്ളല്‍ വിഭാഗത്തില്‍പ്പെടുന്നു.


ഓട്ടന്‍തുള്ളല്‍ 

തുള്ളലെന്നു പറഞ്ഞാല്‍ തന്നെ ഓട്ടന്‍തുള്ളല്‍ എന്നാണര്‍ത്ഥം കല്പ്പിക്കുന്നത്. അത്രമേല്‍ ജനകീയമാണ് ഈ വിഭാഗം. അങ്ങനെ വിചാരിച്ചാലും പറഞ്ഞാലും അതിലൊട്ട് തെറ്റുമില്ല. അത്രയ്ക്ക് അംഗീകൃതമാണത്. ഗാനരീതികളുടെ മനോഹാരിത ഓട്ടന്‍തുള്ളലിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു. സംഗീതവും തുള്ളലും സാമാന്യേന ദ്രുതകാലത്തില്‍ ഉള്ളതാണ്. ഓടികൊണ്ടുള്ള തുള്ളല്‍ എന്നുള്ള അര്‍ത്ഥം നല്‍കുന്ന ഓട്ടന്‍തുള്ളലിനെ ഓട്ടം തുള്ളല്‍ എന്നും അറിയപ്പെടും. അങ്ങനെ പറയുന്നതും ശരിയായ പ്രയോഗം തന്നെയാണ്.
നര്‍മ്മ ഭാഷണങ്ങളും, അതിനു ഏറെ യോജിച്ച അംഗചലനങ്ങളും മധുരഗാനങ്ങല്‍ക്കൊപ്പമാകുമ്പോള്‍‍ അരങ്ങിനു ഇമ്പം കൂടും. ഫലിത പ്രയോഗങ്ങളും പരിഹാസങ്ങളും തുള്ളലിന്‍റെ രംഗവിജയത്തിന്‍റെ മേഖലകളാണ്. കുഞ്ചന്‍ നമ്പ്യാരുടെ ലോകോക്തികള്‍ നിറഞ്ഞ പദപ്രയോഗങ്ങള്‍ മനുഷ്യന്‍റെ മനസ്സില്‍ രാസ പരിണാമങ്ങളും ചിന്തയുടെ പുന:സൃഷ്ടിയും നടത്തും. നമ്പ്യാരുടെ തുള്ളലില്‍ രൂപം കൊണ്ട ചൊല്ലുകളൊക്കെത്തന്നെയാണ് നമ്മുടെ സ്വത്തായി മാറിയ പഴഞ്ചൊല്ലുകളായി ഇന്നും ജനമനസ്സുകളെ തലോടുന്നത്. ഓട്ടനില്‍ മുഖത്ത് പച്ച മനയോല തേയ്ക്കുന്നതിനോടൊപ്പം ചുട്ടിയുടെ നേരിയ അരിക് പിടിപ്പിക്കും. കണ്ണും പുരികവും നീട്ടിയെഴുതും. ചുണ്ടപ്പൂവിന്‍റെ അരിയിട്ട് കണ്ണുകള്‍ ചുവപ്പിക്കും. കടക കങ്കണങ്ങള്‍ കൈകളിലും, മാര്‍മാല കഴുത്തിലും ചാര്‍ത്തുന്നു. കാലില്‍ ചിലമ്പ് ധരിക്കുന്നു. അര്‍ദ്ധ വൃത്താകൃതിയുള്ള കിരീടം പ്രധാനമാണ്. ഞൊറിയുള്ള പാവാട അണിയും. ഘോഷയാത്ര, സ്യമന്തകം, കിരാതം, നളചരിതം, രുക്മിണീ സ്വയംവരം, രാമാനുചരിതം, സന്താന ഗോപാലം, ബാണയുദ്ധം, കാര്‍ത്തവീരാര്‍ജ്ജുന വിജയം, ബക വധം തുടങ്ങിയവ ഓട്ടന്‍തുള്ളല്‍ വിഭാഗത്തില്‍പ്പെടുന്നു.


പറയന്‍തുള്ളല്‍ 


ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നീ വിഭാഗങ്ങളെക്കാള്‍ പതിഞ്ഞ മട്ടിലും ഈണത്തിലുമുള്ളതാണ് പറയന്‍തുള്ളല്‍. തുള്ളല്‍ രീതിയിലെ സംഗതികള്‍ക്ക് പറയ സമുദായവുമായി നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍ ചോടുകള്‍ക്ക് ബന്ധമുണ്ടുതാനും. ഓട്ടനോ, ശീതങ്കനോ അവതരിപ്പിക്കുന്നതിന്‍റെ പകുതി സ്ഥലങ്ങളില്‍ പോലും പറയന്‍തുള്ളല്‍ നടത്തി വരുന്നതായി കാണുന്നില്ല. അത്രമേല്‍ സ്വീകാര്യത ഇല്ലെന്നുതന്നെ പറയാം.ആഹാര്യമായ ഭംഗിക്കുറവ്, ആട്ടവും പാട്ടും അവതരിപ്പിക്കുന്നതിന്‍റെ ചടുലതയില്ലായ്മ എന്നിവകൊണ്ടാകാം സ്വീകാര്യത കുറയാനിടയായത്.
പാമ്പിന്‍റെ പത്തിയുടെ ആകൃതിയുള്ള ഒരു കിരീടമണിഞ്ഞിട്ടാണ് ഈ വിഭാഗം തുള്ളാറുള്ളത്. ചുവന്ന പട്ടു ധരിച്ചുകൊണ്ടുള്ള വളരെ ലളിതമായ വേഷ സംവിധാനമേ ഇതിനുള്ളൂ. ദേഹമാസകലം ചന്ദനവും ഭസ്മവും ചേര്‍ത്ത് പൂശിയിട്ടുണ്ടാകും. മുഖത്ത് വലിയ വര്‍ണ്ണത്തേപ്പുമില്ല . ചെറിയ രീതിയില്‍ മിനുക്കിയിരിക്കുമെന്നു മാത്രം. കണ്ണെഴുതിയിട്ടുണ്ടാകും. കഴുത്തില്‍ മാലയും, കൈകളില്‍ കങ്കണങ്ങളും അണിഞ്ഞിരിക്കും. ഒരു കാലില്‍ ചിലമ്പുണ്ടായിരിക്കുമെന്നത് ഒരു പ്രത്യേകതയുമാണ്. 
തയ്യാറാക്കിയത്
സുനില്‍ ദത്ത്
ഡയറക്ടര്‍ | നാടന്‍കലാ പഠന കേന്ദ്രം| നാവായികുളംTags | Kunchan Nambiar | Ottamthullal or Ottanthullal | Seethankan Thullal | Parayan Thullal | Thullal Thrayam

0 comments :

Post a Comment

Note: only a member of this blog may post a comment.