പ്രകൃതിയെ അനുകരിക്കലാണ് നാടകമെന്ന് ഒ.ന്.വി.കുറുപ്പ് പറഞ്ഞിട്ടുണ്ട്. കലകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത്. ഒരു കാലത്ത് നാടകങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ സമൂഹത്തില്‍ നടത്തിയിട്ടുണ്ട്. ഇന്നും വലിയ തോതില്‍ അല്ലെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ നാടകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയൊരു മാറ്റം സൃഷ്ടിക്കുവാന്‍ 42 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ 'രംഗപ്രഭാത്' എന്ന കുട്ടികളുടെ നാടകവേദിക്കു കഴിഞ്ഞിട്ടുണ്ട്. ഒരു നല്ല സമൂഹം ഉണ്ടാകുന്നതു കുട്ടികളില്‍ നിന്നാണല്ലോ. ഇവിടെ രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദി അതില്‍ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്. 1970 Sep 19 തീയതി പ്രൊഫ. ജി. ശങ്കരപ്പിള്ള ഭദ്ര ദീപം കൊളുത്തി രംഗപ്രഭാതിനു തുടക്കം കുറിച്ചു. തിരുവനന്തപുരത്തു നിന്നും ഏകദേശം 30 km വടക്ക് മാറി ആലുംത്തറ ഗ്രാമത്തിലാണ് രംഗപ്രഭാത് നാടകഗ്രാമം. നാടകവേദിയെക്കുറിച്ചു അറിഞ്ഞു ജി.ശങ്കരപ്പിള്ളയില്‍ നിന്നുള്കൊണ്ട് ഗൗരവപൂര്‍ണ്ണമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനായ കെ. കൊച്ചുനാരായണപിള്ളയാണ് രംഗപ്രഭാത് ആരംഭിച്ചത്.
പുഷ്പകിരീടം എന്ന ജി. ശങ്കരപിള്ളയുടെ നാടകത്തിലൂടെയാണ് രംഗപ്രഭാത് നാടകവേദി പ്രവര്‍ത്തനമാരംഭിച്ചത്. കുട്ടികളുടെ വെറുമൊരു നാടകവേദി മാത്രമല്ല ഇവിടം. അവരുടെ സര്‍ഗ്ഗാത്മക കഴിവുകളെ ഓരോന്നായി വികസിപ്പിച്ചെടുത്ത്, നല്ല രീതിയില്‍ അവരുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നു. കുട്ടികളുടെ പ്രായത്തില്‍ ആരംഭിക്കുന്ന നാടകാഭിമുഖ്യം അവരുടെ പ്രായത്തിനൊത്ത് വളര്‍ത്താനും അത് പോഷിപ്പിക്കാനും രംഗപ്രഭാത് ആവിഷ്ക്കരിച്ചിട്ടുള്ള രീതി വളരെ വ്യത്യസ്തമാണ്. അങ്ങനെ ആവിഷ്ക്കരിച്ചതാണ് 'കദംബം', 'കളരി', 'കളം' എന്നിങ്ങനെയുള്ളവ. കദംബം കുട്ടികള്‍ക്കും, കളരി കൗമാരപ്രയക്കാര്ക്കും, കളം പ്രായമായവര്‍ക്കും വേണ്ടിയാണ്. ഇവിടെ പ്രായഭേദമന്യേ അവരുടെ കഴിവുകള്‍ ഒട്ടും ആശങ്കയില്ലാതെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.
കുട്ടികളുടെ ഈ നാടകവേദി വിശാലമായ ലോകത്ത് പകച്ചു നില്‍ക്കാതെ അവര്‍ക്ക് മുന്നേറാനുള്ള അന്തരീക്ഷം ഒരുക്കികൊടുക്കുന്നു. തിയേറ്റര്‍ ഗെയിംസ്, കഥ പറയുക, കഥ പറഞ്ഞു അഭിനയിക്കുക, കഥനം, വാസന വികാസ നാടകം, നൃത്തം, നാടന്‍ കലാ പരിശീലനം, മുഖാവരണ നിര്‍മ്മാണ പ്രയോഗം, പാവനിര്‍മ്മാണ പ്രയോഗം, നാടക പരിശീലനം എന്നിങ്ങനെ ഒരു നാടകത്തിനു വേണ്ട എല്ലാ ചേരുവകളും ഈ തട്ടകത്തില്‍ നിന്നും അനായാസം കുഞ്ഞുമനസ്സുകള്‍ക്ക് ഹൃദസ്ഥമാക്കുവാന് കഴിയും. ഇത്തരം ലക്ഷ്യബോധത്തോടെ തുടങ്ങിയ രംഗപ്രഭാത് ഇന്ന് വളര്‍ച്ചയുടെ കൊടുമുടി താണ്ടികഴിഞ്ഞിരിക്കുന്നു. ഇത് കുട്ടികളുടെ നാടകമെന്ന് പറഞ്ഞു മാറ്റി നിര്‍ത്താന്‍ രംഗപ്രഭാത് മറ്റാര്‍ക്കും ഇതുവരെ അവസരം നല്‍കിയിട്ടില്ല. കാരണം ഏതു പ്രായക്കാര്‍ക്കും രുചിക്കുന്ന വ്യത്യസ്ത നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കാന്‍ ഇവിടുത്തെ കുട്ടികള്‍ പ്രാപ്തരാണ്. നാടകം കളിയ്ക്കാന്‍ വല്ലപ്പോഴും കൂടുന്ന ഒരു സംഘടനയല്ലിത്. എന്നും വൈകുന്നേരങ്ങളില്‍ സ്കൂളില്‍ പോയി വന്ന ശേഷം രംഗപ്രഭാതില് ഒത്തുകൂടി പല പല സംഘങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ചര്‍ച്ചകള്‍ വരെ നീളുന്ന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നു. ഇത്തരം കേളീ വിനോദങ്ങളിലൂടെ അവര്‍ ഒരു നല്ല കൂട്ടായ ജീവിതത്തിന്റെ, പൗരധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍ സ്വയം അനുഭവിച്ചറിയുന്നു.

രംഗപ്രഭാതിന്റെ സുഹൃത്തും, അച്ഛനും , മുത്തച്ഛനുമായ കൊച്ചുനാരായണപിള്ളയുടെ 2007 ഒക്ടോബറില്‍ ആകസ്മികമായുണ്ടായ മരണം രംഗപ്രഭാതിനെ വല്ലാതെ മൂകമാക്കി. മുത്തച്ഛനായും അദ്ധ്യാപകനായും കുട്ടികളെ ഒരുപോലെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തോടെ രംഗപ്രഭാതിന്റെ എല്ലാവിധ കാര്യങ്ങളും ഒറ്റമകള്‍ ഗീതയുടെ ചുമലിലായി. രംഗപ്രഭാതിന്റെ എല്ലാ വളര്‍ച്ചയിലും കൂടെയുണ്ടായിരുന്ന മകള്‍ കെ. എസ്. ഗീതയാണ് ഇന്ന് ഇതിന്റെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍. ഏഴു വര്‍ഷം ആയപ്പോള്‍ തന്നെ രംഗപ്രഭാതിനെ തേടി നിരവധി പുരസ്ക്കാരങ്ങള്‍ വന്നിട്ടുണ്ട്. 2001 ല്‍ ജപ്പാനും നെയ്യാറ്റിന്‍കര ലോകസേവ ട്രെസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്ക്കാരം, 2005 ല്‍ ജി. ഡി. ബിര്‍ള അവാര്‍ഡ്, ഗാന്ധിസ്മൃതി ദര്ശന് സമിതിയുടെ പുരസ്ക്കാരം, ആര്. ജി. മംഗലം പുരസ്ക്കാരം, കണ്ണൂര്‍ മലയാളഭാഷാ പാഠശാല ഏര്‍പ്പെടുത്തിയ പ്രഥമ ജി. ശങ്കരപിള്ള അവാര്‍ഡ് എന്നിങ്ങനെ പോകുന്നു പുരസ്ക്കാരങ്ങള്‍. രംഗപ്രഭാത് എന്നത് ഒരുനാടകവേദി എന്നതിലുപരി ഒരു വ്യക്തിയിലെ നന്മയുടെ അംശങ്ങള്‍ ഇനിയും ചോര്‍ന്നുപോയിട്ടില്ല എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇവിടെ സംഘടിപ്പിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും ചിന്തകളും ഒരു നാടിന്റെ സാംസ്ക്കാരികത വിളിച്ചോതുന്ന വിശാലമായ ഭാവനയുടെ ലോകത്ത് ഒഴുകി നടക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഈ കലാക്ഷേത്രത്തിന്റെ പെരുമ ലോകമെങ്ങും എത്തിയോ എന്ന സംശയം മാത്രം ബാക്കിയാവുകയാണ്. എങ്കിലും ആരോഗ്യമുള്ള ഒരു ചെറു സമൂഹത്തെയെങ്കിലും സൃഷ്ട്ടിക്കാന്‍ കഴിയുമെന്ന ചാരിതാര്‍ത്ഥ്യത്തോടെ രംഗപ്രഭാതിനു തലയുയര്‍ത്താം.
ജീവിതത്തിനു ഒരു താളമുണ്ട്. ആ താളവും നാടകത്തിലെ അന്തര്യാമിയായ താളവും പൊരുത്തപ്പെടണം. ആ പൊരുത്തമുണ്ടെങ്കില്‍ മാത്രമേ നമുക്ക് നൃത്യത്തെ ആസ്വദിക്കാനും ആവിഷ്ക്കരിക്കാനും കഴിയൂ. അങ്ങനെ ജീവിതത്തിലെ താളവും നാടകത്തിലെ അന്തര്യാമിയായ താളവും പൊരുത്തപ്പെടുത്തുവാന് രംഗപ്രഭാതിനു കഴിയട്ടെ ...
Article by KVT
Tags |Rangaprabhat | Guru Kochunarayana Pillai |Prof. G. Sankara Pillai |Artistic director K S Geetha
0 comments :
Post a comment
Note: only a member of this blog may post a comment.