അരങ്ങത്ത് ഒരു നവരസ ശില്പി - ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍

കഥകളി മഹത്തായ ഒരു കലാരൂപമാണ് എന്നതില്‍ സംശയമില്ല. ഈ കല ഇന്ന് കാണുന്ന ഉല്‍കൃഷ്ട പദവിയില്‍ എത്തിയത് ചെറുതും വലുതുമായ കഥകളി കലാകാരന്മാരുടെയെല്ലാം പ്രതിഭയും അര്‍പ്പണ മനോഭാവവും കൊണ്ട് മാത്രമാണ്. കലാജീവിതത്തിലും സ്വകാര്യ ജീവിതത്തിലും സത്യസന്ധനായി ജീവിച്ച് കഥകളിയെ ജീവശ്വാസമായി കരുതി സ്വന്തം അനുഭവ പാഠങ്ങളെ ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കി ഇന്നും പ്രതിഭാധനനായി ജീവിക്കുന്ന പ്രഗല്ഭനായ കഥകളി ആചാര്യനാണ് ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍. 

സ്കൂള്‍ തലങ്ങളില്‍ നാടകാഭിനയത്തില്‍ തല്പരനായിരുന്ന ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍ ഇന്ന് കഥകളി ആചാര്യനാണ്. സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ സ്ത്രീ വേഷത്തിലഭിനയിച്ച ആശാന് പ്രസിദ്ധ നാടകാചാര്യന്‍ ശങ്കരപിള്ളയുടെ പിതാവ് ശ്രീ ഗോപാലപിള്ളയുടെ അഭിനന്ദനവും ആശീര്‍വാദവും ലഭിച്ചു. പക്ഷേ നാടകം എന്ന കല ആയിരുന്നില്ല ഈ കലാകാരന്‍റെ ജീവിതത്തില്‍ സന്തതസഹചാരിയായി എത്തിയത്. 'കഥകളി' എന്ന ഉല്‍കൃഷ്ടമായ മറ്റൊരു കല. വിദ്യാഭ്യാസം തുടരാനാകാത്തത് ആശാന്‍റെ ജീവിതത്തിനു മറ്റൊരു വഴിത്തിരുവായി. കഥകളി കമ്പക്കാരനായ അച്ഛന്‍റെ ആഗ്രഹപ്രകാരം ശ്രീ പിരപ്പന്‍കോട് കുഞ്ഞന്‍പിള്ള ആശാന്‍റെ കീഴില്‍ എട്ടുമാസം കഥകളി അഭ്യസിച്ച് അരങ്ങേറ്റം നടത്തി. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള ആശാന്‍റെയും പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്‍റെ യും വീട്ടില്‍ താമസിച്ചു കഥകളി അഭ്യസിക്കുകയും R L V ഫൈന്‍ ആര്‍ട്സ് സ്കൂളില്‍ എട്ടു വര്‍ഷം പഠിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സ്കോളര്‍ഷിപ്പും കരസ്ഥമാക്കിയ അദ്ദേഹം തന്‍റെ ആശന്മാരെയും അഭ്യാസന കാലഘട്ടങ്ങളും സസന്തോഷവും ഗുരുഭക്തിയോടും കൂടി ഓര്‍ക്കുന്നു. 

ആദ്യകാലങ്ങില്‍ വേഷങ്ങള്‍ ലഭിക്കാന്‍ പ്രയാസമായിരുന്ന ആശാന് ഒരു പ്രേക്ഷകനായി കഥകളി കണ്ടിരിക്കേണ്ട അവസരങ്ങള്‍ വരെയുണ്ടായിരുന്നു. തെക്കന്‍ നാട്ടില്‍ വലിയ പ്രാധാന്യമില്ലാതിരുന്ന താടി വേഷത്തിലൂടെ ആശാന് ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ കഴിഞ്ഞു. നിരവധി അരങ്ങുകളില്‍ ദുര്യോധനവധത്തിലെ ദുശാസനന്‍ കെട്ടാന്‍ അവസരം ലഭിച്ചിരുന്നു.അങ്ങനെ കത്തി വേഷങ്ങളില്‍ തുടങ്ങി പച്ച വേഷങ്ങിലേക്ക് കടന്ന ആശാനെ തേടി നിരവധി അവസരങ്ങളും അംഗീകാരങ്ങളും എത്തിച്ചേര്‍ന്നു. കഥകളി ആചാര്യന്‍ എന്ന ഇന്നത്തെ ഈ നിലയിലേക്ക് വളരുവാന്‍ നാട്ടിലെ എല്ലാ കലാകാരന്മാരുടെയും സഹപാഠിയായിരുന്ന ശ്രീ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെയും സഹകരണവും പ്രോത്സാഹനവും ഒട്ടേറെ സഹായിച്ചിട്ടുണ്ടെന്ന് ആശാന്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ശിഷ്യന്‍ എന്ന സ്ഥാനം കഥകളിയുടെ ഓരോ പടവുകള്‍ താണ്ടുമ്പോഴും തനിക്കു തുണയായിട്ടുണ്ടെന്നു ആശാന്‍ ഓര്‍ക്കുന്നു. 

കഥകളിയെ എന്ന പോലെ സ്വന്തം കുടുംബത്തെയും അളവറ്റു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍ ആശാന്‍. ജന്മം കൊണ്ട് തോന്നയ്ക്കല്‍ സ്വദേശിയാണെങ്കിലും കൊല്ലം ആണ് പ്രവര്‍ത്തന മേഖല. ഭാര്യ അക്കരതോട്ടത്തില്‍ സുവര്‍ണ്ണ തന്‍റെ കലാജീവിതത്തിലെ ഉയര്‍ച്ചക്ക് ഒപ്പമില്ലാതെ ഇഹലോകവാസം വെടിഞ്ഞതില്‍ അദ്ദേഹം ഏറെ ദുഖിതനാണ്. മൂന്നു മക്കള്‍ - ശര്‍മിള, ശ്യാം, സീമ. ഇളയ മകള്‍ സീമ കലാപാരമ്പര്യം തുടര്‍ന്ന് കലാമണ്ഡലത്തില്‍നിന്നും മോഹിനിയാട്ടത്തില്‍ ബിരുദം നേടി. 

സ്വന്തം കലാജീവിതത്തില്‍ നേരിട്ട തിക്താനുഭവങ്ങള്‍ 'ആള്‍ കേരള കഥകളി ആര്‍ടിസ്റ്റ്' എന്ന സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കലാകാരന്മാരുടെ പിന്തുണയോടു കൂടി സെക്രട്ടറി സ്ഥാനത്ത്‌ നിന്നുകൊണ്ട് സംഘടനയെ ഒരു വിജയമാക്കി തീര്‍ക്കാനും കലാകാരന്മാരുടെ പരാധീനതകള്‍ സര്‍ക്കാരിനെ അറിയിക്കുവാനും സാധിച്ചു. കൊല്ലത്തെ കഥകളി പ്രേമികളെ സംഘടിപ്പിച്ചു കൊണ്ട് 'കൊല്ലം കഥകളി ക്ലബ്ബ് & ട്രെസ്റ്റ്‌' എന്ന സംഘടനയ്ക്ക് രൂപം നല്‍കി. 32 വര്‍ഷം അതിന്‍റെ സെക്രട്ടറി ആയി തുടര്‍ന്ന അദ്ദേഹം ഒരു നല്ല സംഘാടകന്‍ എന്ന പേര് ഇതിനകം സ്വന്തമാക്കി. ഒരു കഥകളി കലാകാരന്‍ സെക്രട്ടറി ആയിരുന്ന ഏക കഥകളി ക്ലബ്ബ് ആയിരുന്നു കൊല്ലത്തേത്. കഥകളി കലാകാരന്മാരുടെ മനസ്സറിഞ്ഞു പല പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് കേരളത്തിലെ എല്ലാ ക്ലബ്ബുകള്‍ക്കും ഒരു മാതൃകാ ക്ലബ്ബാക്കി അതിനെ മാറ്റിയതില്‍ നിന്നും ആശാന്‍റെ നേതൃപാടവം വ്യക്തമായി തിരിച്ചറിയാം.കഥകളി പരിഷ്ക്കരണമാണ് ശ്രീ തോന്നയ്ക്കല്‍ പീതംബാരനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്ന മറ്റൊരു പ്രത്യേകത. ആരും അറിയാതെ തന്നെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കഥകളിയില്‍ സ്വന്തമായി ചില കൈകടത്തലുകള്‍ നടത്തി ആശാന്‍ കഥകളി പരിഷ്ക്കരണത്തിന് പല പല നിറക്കൂട്ടുകള്‍ നല്‍കുന്നു. മഹാകവി ഉള്ളൂരിന്‍റെ ഭക്തിദീപിക എന്ന കവിതയെ ആസ്പദമാക്കിയുള്ള 'ചാത്തന്‍റെ സല്‍ഗതിയിലെ' ചാത്തന്‍, നീലംബേരൂര്‍ വിജയന്‍റെ 'ഗുരുദേവ ചരിതത്തിലെ' ഗുരുദേവന്‍, 'താടകാവധത്തിലെ' താടകാ രാജ്ഞി, കുമാരനാശാന്‍റെ 'വീണപൂവ്‌', 'കരുണ' തുടങ്ങിയവയുടെ കഥകളി ആവിഷ്ക്കാരം പുതുമനിറഞ്ഞ വേഷവിധാനത്തിലൂടെ ആശാന്‍ അവതരിപ്പിച്ച് കഥകളിയിലെ മാറ്റമെന്ന അംഗീകാരം നേടി. 
കൊല്ലം കഥകളി ക്ലബ്ബ് നല്‍കിയ കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്‌, ആലപ്പുഴ ജില്ല കഥകളി ക്ലബ്ബ് നല്‍കിയ കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അവാര്‍ഡ്‌, കോട്ടയം കളിയരങ്ങ് നല്‍കിയ മാങ്ങാനം കൃഷ്ണപിഷാരടി അവാര്‍ഡ്‌, മദ്രാസ്‌ ശ്രീകൃഷ്ണ ഗാനസഭ നല്‍കിയ ആചാര്യ പുരസ്ക്കാരം, കേരള സംഗീത നാടക അക്കാദമി നല്‍കിയ അവാര്‍ഡ്‌,ഫെല്ലോഷിപ്പ്, ബഹുമതി പത്രങ്ങള്‍, കീര്‍ത്തിമുദ്രകള്‍, ഇതര പാരിതോഷികങ്ങള്‍ തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ കഥകളിയിലെ ഈ പ്രഗല്‍ഭ ആചാര്യന്‍ സ്വന്തമാക്കിയിട്ടുണ്ട്.അടുത്തകാലത്ത്‌ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും ഈ എളിമ നിറഞ്ഞ കലാകാരനെ തേടിയെത്തി. 

കഥകളിയുടെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ശരിക്ക് ഉള്‍ക്കൊണ്ട കലാകാരനാണ് ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍. ഈ എണ്ണമറ്റ മൂല്യങ്ങള്‍ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നതുകൊണ്ടും അവയെല്ലാം ഒരു രേഖയായെങ്കില്ലും സൂക്ഷിക്കണമെന്ന അതിയായ മോഹം ഉള്ളിലുള്ളതുകൊണ്ടും ആശാന്‍ 'കഥകളി പഠനം' എന്ന ഗ്രന്ഥത്തിന് ജന്മം നല്‍കി. സ്വന്തം അനുഭവങ്ങളെ ഒരു പുസ്തകമാക്കി 'എന്താണ് കഥകളി' എന്ന് അദ്ദേഹം ഇതിലൂടെ ആസ്വാദകര്‍ക്ക് പറഞ്ഞു തരുന്നു. 
സപ്തതിയുടെ നിറവില്‍ നില്‍ക്കുമ്പോഴും ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍ ആശാന്‍ കഥകളിയില്‍ തന്‍റേതായ
പരിഷ്ക്കാരങ്ങളും ആവിഷ്ക്കാരങ്ങളും ചിട്ടപ്പെടുത്തുന്നതിന്‍റെ പണിപ്പുരയിലാണ്. കഥകളിയെ മറ്റെന്തിനെക്കാളും സ്നേഹിച്ച് ജീവിത വ്രതമായി അനുഷ്ഠിക്കുന്ന ആശാനെ പുരസ്ക്കാരങ്ങളും ആശംസകളും ഒന്നും മോഹിപ്പിക്കുന്നില്ലെങ്കിലും 'പത്മശ്രീ' എന്ന മോഹന പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തുന്ന ദിവസത്തിനായി ആശംസിച്ചു കൊണ്ട് ആയുസ്സും ആരോഗ്യവും നേരുന്നു.

Article by KVT

Tags | Shri Thonnakkal Peethambaran | Kathakali vesham | Kathakali Artist 

0 comments :

Post a Comment

Note: only a member of this blog may post a comment.