മാജിക്കിന്റെ അനന്ത സാധ്യതകളെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തി വിസ്മയം തീര്‍ക്കുകയാണ് യുവ മജിഷ്യന്‍ ഷാജു കടയ്ക്കല്‍. ഒരു അധ്യാപകന് എന്ന രീതിയില്‍ കുട്ടികള്‍ക്കും മജിഷ്യന്‍ എന്ന രീതിയില്‍ സമൂഹത്തിനും ഒരുപോലെ നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്കി ശ്രദ്ധേയനാകുകയാണ് എസ്.കെ. വി. എച്. എസിലെ മലയാളം അധ്യാപകനായ ഷാജു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഗോപികയും അച്ഛന് കൂട്ടായി 'മാജിക് വിത്ത് മിഷന്' എന്ന പരിപാടിയിലൂടെ എല്ലാ വിശേഷ ദിവസങ്ങളിലും ജില്ലയിലെ വിവിധ സ്കൂളുകളില്‍ വിസ്മയം തീര്‍ക്കാന്‍ എത്തുന്നു.
മാജിക്കിലേക്ക് എത്തിച്ചത്
വളരെ ചെറുപ്പത്തില്‍ കേട്ടിട്ടുള്ള ഒത്തിരി മുത്തശിക്കഥകള്‍ തന്നെയാകാം എന്നെ സ്വധീനിച്ചത്. കുട്ടിചാത്തന്റെയും മായാവിയുടെയും മാന്ത്രിക പ്രകടനങ്ങള്‍ അത്ഭുത കഥാപാത്രങ്ങളായി മനസ്സില്‍ മായാതെ കിടന്നിട്ടുണ്ട്. അതിന്റെയൊക്കെ ഉറവിടം എന്തായിരിക്കും എന്നറിയുവാനുള്ള അകാംക്ഷയാകാം മാജിക്കിലേക്ക് എത്തിച്ചത്. മാജിക് പഠിക്കണമെന്ന ആഗ്രഹം അന്നുമുതല്‍ക്കെ ഉണ്ടായിരുന്നു. 1987 -ല്‍ പ്രശസ്ത മജിഷ്യന്‍ പി.എം. മിത്രയുടെ മാജിക് ഷോ കടയ്ക്കലിലെ ഒരു ഓഡിറ്റോറിയത്തില്‍ വച്ച് കാണാന്‍ അവസരം കിട്ടിയതാണ് എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്.
മാജിക്കില്‍ ഗുരു
അന്നത്തെ മാജിക് ഷോ കണ്ട ആവേശത്തോടെ ഞാന്‍ ഒരു കത്ത് അദേഹത്തിന് അയക്കുകയുണ്ടായി . മാജിക് പഠിക്കുവാനും അതിന്റെ സാധ്യതകള്‍ മനസിലാക്കുവാനും താങ്കളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അനുവദിക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വളരെ താമസിയാതെ കത്തിന്റെ മറുപടിയും വന്നു. പഠിക്കുന്ന കുട്ടികളുടെ ചാപല്യം ആയി കാണാതെ മാജിക്കിനോടുള്ള താല്പര്യം മനസ്സിലക്കിയതുകൊണ്ടാകാം അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
എന്നാല്‍ കോട്ടയം വരെ പോയി മാജിക് പഠിക്കുവാന്‍ അച്ഛന് സമ്മതിച്ചിരുന്നില്ല. എതൊരു അച്ഛനെയും പോലെ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ ആയിരുന്നു ഉപദേശം. പിന്നെ പിന്നെ അച്ഛനറിയാതെ പല സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ മാജിക് കാണാന്‍ പോകുമായിരുന്നു. ഷോ തുടങ്ങും മുന്‍പ് കുറച്ചു സമയം അദ്ദേഹവുമായി ചിലവഴിച്ച് മാജിക് പഠനം തുടങ്ങി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്‍.സി.സി. ക്യാംമ്പ് എന്ന പേരില്‍ കുറച്ചു നാള് അദ്ദേഹത്തിന്റെ വീട്ടിലും പോയി പഠിച്ചു. അങ്ങനെ തുടങ്ങി രണ്ടര വര്‍ഷത്തോളം അദ്ദേഹത്തിന്റെ കീഴില്‍ മാജിക് പഠിക്കാനായി..
മജീഷ്യന്‍ എന്നതിലുപരി സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് അദ്ദേഹം. അന്നുവരെ മാജിക് പഠിപ്പിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് കൂടി ഇല്ലാത്ത അദ്ദേഹം പ്രതിഫലം ഒന്നും വാങ്ങാതെയാണ് എന്നെ പഠിപ്പിച്ചത്. അദ്ദേഹം തന്നെയാണ് എന്റെ ഗുരു. ഇപ്പോഴും നല്ല സൗഹൃദം വച്ചുപുലര്‍ത്തുന്നു.
എസ്.കെ.വി.എച്.എസ് -ല്‍ മലയാളം അധ്യാപകന്.
അച്ഛന്റെ മാജിക്കിനോടുള്ള സമീപനത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് ഷാജു കടയ്ക്കല്‍ സ്ഥിരമായി ഒരു ജോലി നോക്കി തുടങ്ങുന്നത്. അങ്ങനെ 98 -ല്‍ തിരുവനന്തപുരം ജില്ലയിലെ കടബാട്ടുകോണം എസ്.കെ.വി.എച്.എസ് -ല്‍ മലയാളം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട മാജിക് സാറിന്റെ ക്ലാസ്സിലെ വിശേഷങ്ങള്‍ തന്നെയാകും എസ്.കെ.വി.എച്.എസ് -ലെ പ്രത്യേകത. പ്രിന്‍സിപ്പലും, സഹപ്രവര്‍ത്തകരും ഷാജുവിന്റെ ആരാധകരും ആസ്വാദകരുമാണ്. സ്കൂളിലെ ഉത്തരവാദിത്വങ്ങള്‍ക്കാണ് ഷാജു പ്രാധാന്യം കൊടുക്കുന്നത്. "ഞാന്‍ കാരണം ക്ലാസ് മുടങ്ങേണ്ട അവസ്ഥ വന്നിട്ടില്ല. വിവിധ സ്കൂളുകളില്‍ മാജിക്കിനായി പോകുമ്പോള്‍ അന്ന് ലീവ് എടുക്കും". സ്കൂളിലെ എല്ലാ പ്രധാന പരിപാടികളിലും ഷാജുവിന്റെ മാജിക് ഒരു അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.
മാസ്മരിക പ്രകടനങ്ങള്‍
92 ല്‍ കടയ്ക്കലിലെ ഒരു പാരല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ഷാജുവിന്റെ ആദ്യത്തെ മാജിക് പ്രകടനം. അരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയിലൂടെ സ്വന്തം നാട്ടുകാരെ ഒരു വിസ്മയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഷാജുവിന് കഴിഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി 96 ല്‍ നടത്തിയ കണ്ണ് കെട്ടിയുള്ള ബൈക്ക് യാത്രയിലൂടെയാണ് ഷാജുവിന്റെ "Special Act " ന്റെ തുടക്കം. കുണ്ടും കുഴിയും നിറഞ്ഞ കടയ്ക്കല്‍- പുനലൂര്‍ റൂട്ടിലെ 80 km ദൂരം 80km/hr വേഗതയില്‍ കണ്ണ് കെട്ടി ബൈക്ക് ഓടിയ്ക്കാന്‍ കഴിഞ്ഞത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. 2000 -ല്‍ മാന്ത്രിക ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ ഒരേ സമയം മൂന്നു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ജാലവിദ്യ "Hallucination of Krishna" എന്ന പേരില്‍ അവതരിപ്പിച്ചത് ഷാജുവിന്റെ കിരീടത്തിലെ ഒരു പൊന്‍ തൂവലായിരുന്നു. കടയ്ക്കല്‍ ജങ്ക്ഷനില്‍ തന്നെ ഉള്ള പൊതുവേദിയില്‍ വിശിഷ്ട വ്യക്തികളെയും നാട്ടുകാരെയും സാക്ഷി നിര്‍ത്തി ആയിരുന്നു ആ പ്രകടനം. തുടര്‍ന്ന് പൊതുവേദിയില്‍ 5 അടി ഉയരമുള്ള ഒരു യുവാവിനെ വെറും 2 അടിയുള്ള കുള്ളന്‍ ആക്കി മാറ്റിയാണ് ഷാജു മാന്ത്രിക ലോകത്തെ ഞെട്ടിച്ചത്.
മാജിക്കിലൂടെ ബോധവല്‍ക്കരണം
കൊക്കോ കോള യുടെ ദൂഷ്യ ഫലങ്ങളെ തുറന്നടിച്ചുകൊണ്ട് അദ്ദേഹം നടത്തിയ മാന്ത്രിക യാത്ര ഒരു കോള വിരുദ്ധ തരംഗം തന്നെ സൃഷ്ടിച്ചു. കേരളത്തില്‍ പകര്‍ച്ചപനി വ്യാപകമായതോടെ ആയിരത്തില്‍ അധികം വേദികളിലാണ് അദ്ദേഹം ബോധവല്കരണ മാജിക് അവതരിപ്പിച്ചത്. മാരക രോഗങ്ങള്‍ ബാധിച്ചു ആശുപത്രി കിടക്കകളില്‍ ജീവിതം നയിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനായി തിരുവനന്തപുരം RCC യില്‍ നടത്തിയ "confidence through magic" എന്ന പരിപാടി ഒരു മജിഷ്യന്‍ എന്ന രീതിയില്‍ സമൂഹത്തിനോടുള്ള തന്റെ കടമ നിറവേറ്റുന്ന ഒന്നായിരുന്നു.
കുട്ടികളും സമൂഹവും
"പഠിപ്പിക്കാന്‍ എളുപ്പം കുട്ടികളെ തന്നെയാണ്. കളങ്കമില്ലാത്ത മനസാണ് അവര്‍ക്ക് . മാജിക്കുകളിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകളെ എനിക്ക് നല്ലവണ്ണം പറഞ്ഞു മനസിലാക്കാനും അവരെ കൊണ്ട് ചിന്തിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബോധവല്‍ക്കരണം എന്ന രീതിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ മാജിക് നടത്തുമ്പോള്‍ അതിന്റെ ഫലപ്രാപ്തി താരതന്മേന്യ കുറവാണ് മുതിര്‍ന്നവരില്‍."
മാജിക്കിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുക എന്നതാണ് ഓരോ മാജിക്കിന്റെയും മുന്നില്ലുള്ള വെല്ലുവിളി . പൊതു വേദികളില്‍ മാജിക് അവതരിപ്പികുമ്പോള്‍ കൂടുതല്‍ പേരും അതിന്റെ പിന്നിലെ രഹസ്യമാകും തിരയുക. "പോക്കറ്റടിക്കാരന്റെ ചങ്കൂറ്റവും കൈ വേഗതയും, കള്ളക്കടത്തുകാരന്റെ ജാഗ്രതയും, ഒരു പാല് കച്ചവടക്കാരന്റെ നിര്‍വികാരതയും ഉണ്ടെങ്കില്‍ മാത്രമേ മാജിക് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂ. എപ്പോളും പിടിക്കപ്പെടാം എന്നുള്ള അവസ്ഥ. പിഴവുകള്‍ സംഭാവിചിട്ടുന്ടെങ്കിലും ആര്‍ക്കും പിടികൊടുക്കാതെ മുന്നോട്ടു കൊണ്ട് പോകാന്‍ പലപ്പോഴും കഴിഞ്ഞിട്ടുണ്ട് . പരിപാടി കഴിയുമ്പോള്‍ പലരും അതിന്റെ രഹസ്യം ചോദിച്ചു വന്നിടുണ്ട്. അവര്‍ക്കൊക്കെ മാജിക് അക്കാദമിയില്‍ ഒരു അഡ്മിഷന് എടുത്താല്‍ മതി എന്നാകും മറുപടി. താല്പര്യമുള്ളവര് ആണെങ്കില്‍ തീര്‍ച്ചയായും പഠിക്കാനായി വരും. അങ്ങനെ ഉള്ളവര്‍ക്ക് മാത്രമേ അതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുവാനും പറ്റുകയുള്ളു".
സ്കൂളിലെ ബോധവല്‍ക്കരണം
ജൂണ്‍ ഒന്നിന് കിളിമാനൂര്‍ ബി.ആര്.സി.യുടെ ബ്ലോക്ക് തല പ്രവേശനോത്സവത്തില്‍ അന്തരീക്ഷത്തില്‍ നിന്ന് ഒന്നാംക്ലാസ് പാഠപുസ്തകമെടുത്ത് ബി.പി.ഒ. സോമസുന്ദരംപിള്ളയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. പരിസ്ഥിതി ദിനത്തില്‍ മതസൗഹാര്‍ദത്തിനും മാനവരാശിക്കും വേണ്ടി 'ഒരുമരം' എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കടയ്ക്കല്‍ ഗവ.എച്ച്.എസ്.എസില്‍ നടന്ന ജാലവിദ്യയില്‍ മുല്ലക്കര രത്നാകരന് എം.എല്‍.എ.യെ മാന്ത്രികനാക്കിക്കൊണ്ടായിരുന്നു പ്രകടനം. ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ ജാലവിദ്യയിലൂടെ മുളപ്പിച്ചെടുത്ത വിത്ത് സ്കൂള്‍ വളപ്പില്‍ തന്നെ നട്ട് ഇപ്പോഴും പരിപാലിച്ചു പോകുന്നു.
വായന ദിനത്തില്‍ നിരക്ഷരത ഇല്ലായ്മ ചെയ്യുക എന്ന സന്ദേശം പരത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മജിഷ്യന്‍ ആക്കികൊണ്ട് വെള്ളരി പ്രാവിനെ പറത്തിയത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. 'വിമുക്ത ലഹരി' ലഹരി വിരുദ്ധ ദിനത്തിലും, 'യുദ്ധ വിരുദ്ധ ജാലം' നാഗസാക്കി ഹിരോഷിമ ദിനത്തിലും, 'ഇന്ത്യ ജാല്' സ്വാതന്ത്ര്യ ദിനത്തിലും ജില്ലയിലെ വിവിധ സ്കൂളുകളില്‍ അവതരിപ്പിച്ചു. Oct 2 ന്റെ സവിശേഷത ഗാന്ധി ജയന്തി മാത്രമല്ല എന്ന് മലയാളികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് 'മായക്കണ്ണാടി' എന്ന പേരില്‍ രാജാ രവിവര്‍മയുടെ നൂറ്റിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കിളിമാനൂര്‍ ആര്.ആര്.വി.ജി.എച്ച്.എസ്.എസി ല്‍ ഷാജു കടയ്ക്കല്‍ വിസ്മയം തീര്‍ത്തത്.
രാജാ രവിവര്‍മ എന്ന പേരിലെ അക്ഷരങ്ങളെഴുതിയ കാര്‍ഡുകള്‍ വ്യത്യസ്തക്രമത്തില് വിന്യസിച്ചുകൊണ്ടാണ് ജാലവിദ്യ തുടങ്ങിയത്. ബി.സത്യന് എം.എല്‍.എ., കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സ്, പി.ടി.എ. പ്രസിഡന്റ് ജെ.സുരേഷ്, പ്രഥമാധ്യാപിക ബി.ലൈല എന്നിവരടങ്ങുന്ന സദസ്സ് അക്ഷരമാലാ ക്രമം നിശ്ചയിച്ചു. എവിടെ എങ്ങനെ തിരിച്ചും മറിച്ചും വെച്ചാലും താരതമ്യംചെയ്താലും രാജാരവിവര്‍മയ്ക്ക് തുല്യം രാജാരവിവര്‍മ മാത്രം എന്ന സന്ദേശവുമായി അക്ഷരങ്ങള്‍ രാജാരവിവര്‍മ എന്നായി മാറി.
വേദിയില്‍ സ്ഥാപിച്ച കണ്ണാടി സദസ്യര്‍ പരിശോധിച്ച് ശുദ്ധമെന്നുറപ്പുവരുത്തി. തുടര്‍ന്ന് നാല്പത് രവിവര്‍മ ചിത്രങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയ നറുക്കുകള്‍ പരിശോധിച്ചു. അതില്‍നിന്നും ബി.സത്യന് എം.എല്‍.എ. ഒരു നറുക്കെടുത്തു. മറ്റാരും കാണാതെ ആ നറുക്ക് സൂക്ഷിച്ച് അദ്ദേഹം കണ്ണാടിയിലേക്ക് നോക്കവേ നറുക്കിലെഴുതിയിരുന്ന 'ഹംസദമയന്തി' കണ്ണാടിയില്‍ തെളിഞ്ഞു. നറുക്ക് കെ.ജി. പ്രിന്‍സ് പരിശോധിച്ച് ശരിയെന്നുറപ്പുവരുത്തിയതോടെ സദസ്സില്‍ കരഘോഷം മുഴങ്ങി. തുടര്‍ന്ന് സദസ്യര്‍ ഓരോരുത്തരും എടുത്ത നറുക്കുകളിലെ ചിത്രങ്ങള്‍ കണ്ണാടിയില്‍ തെളിഞ്ഞു.
മകളുടെ മാജിക്
"വളരെ അവിചാരിതമായാണ് മകള്‍ ഗോപിക പൊതു വേദിയില്‍ മാജിക് അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്യുന്ന മാജിക് എല്ലാം അവള് കൂടെ നിന്ന് കണ്ടു പഠിക്കുന്നുണ്ടായിരുന്നു. ഒരു നഴ്സറി സ്കൂളിന്റെ വാര്‍ഷികത്തില്‍ ഞാന്‍ മാജിക് അവതരിപ്പിച്ചു കൊണ്ട് നിന്ന ഇടവേളയില്‍ വേദിയിലേക്ക് ഓടി കേറി വരുകയായിരുന്നു . അടുത്തതായി ഞാന്‍ ചെയ്യേണ്ടിയിരുന്ന മാജിക് സാധനങ്ങളുമായാണ് വരവ്. സദസില്‍ ഇരുന്നവര്‍ കയ്യടികളോടെ സീകരിക്കുകയും ചെയ്തു . ആ മാജിക് പിന്നെ ഗോപിക തന്നെ അവതരിപ്പിച്ചു കയ്യടി നേടി. അങ്ങനെ മുന്നാം വയസില്‍ തുടങ്ങി ഇപ്പോളും എന്റെ കൂടെ സ്കൂളുകളില്‍ മാജിക് അവതരിപ്പിക്കാന്‍ ഗോപിക ഉണ്ടാകും." ഇതിനോടകം നുറിലധികം വേദികളില്‍ ഗോപിക മാജിക് പ്രകടനം നടത്തി. മന്ത്രിയായിരുന്ന എം.വിജയകുമാറിനെ മാന്ത്രികനാക്കി അക്രമത്തിനും അഴിമതിക്കും എതിരെ ഗോപിക തീര്‍ത്ത വിസ്മയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗവ. യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ഗോപിക.
അഗീകാരങ്ങള്‍
മികച്ച പൊതു പ്രവര്ത്തകന് എന്ന പേരില്‍ ഗാന്ധിയന്‍ സ്റ്റഡി സെന്റെര് ന്റെ ഗാന്ധി ദര്ശന് അവാര്‍ഡ് 2002 -ലും അതെ പേരില്‍ തന്നെ റൂറല്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി അവാര്‍ഡും ഷാജുവിനു ലഭിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ വച്ച് ആനപ്പാറ സുഭാഷ് മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ അംഗീകാരം മറക്കുവാനാകാത്ത ഒരു അനുഭവമായിരുന്നു ഷാജുവിന്.
“1997 ല്‍ ഹൌഡിനി ഡേ ദിനാചരണത്തിന്റെ ഭാഗമായി മാജിക് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത 3 പേരില്‍ ഒരാളാകാന്‍ കഴിഞ്ഞത് എന്റെ മാജിക് ജീവിതത്തിലെ ഒരു സുവര്‍ണ്ണ നിമിഷം തന്നെ ആയിരുന്നു. മാജിക് ഷോ കഴിഞ്ഞു വേദിയിലേക്ക് കയറി വന്നു ദയാനന്ദ് സര് (President :: International Brotherhood of Magicians) എന്നെ കെട്ടിപിടിച്ച് അഭിനന്ദിച്ചത് ഏറ്റവും വലിയ അഗീകാരമായി കരുതുന്നു."
മാജിക്കിലൂടെ മുളപ്പിച്ചെടുത്ത വിത്ത് പാകി നട്ട മരം ഇപ്പോളും പരിപാലിച്ചു പോകുന്നതും, ലഹരി വിരുദ്ധ പ്രകടനം കഴിഞ്ഞു സ്കൂളിലെ കുട്ടികള്‍ “ഞങ്ങള്‍ ഇനി ‘ശംഭു’ ഉപയോഗിക്കില്ലാ സര്” എന്ന് നേരിട്ട് വന്നു പറഞ്ഞതും മറക്കാനാകാത്ത അഗീകാരങ്ങളായി ഷാജു കടയ്ക്കല്‍ ഓര്‍ത്തെടുക്കുന്നു.
ഭാവി പദ്ധതികള്‍
വരും നാളുകളിലുള്ള വിശേഷ ദിവസങ്ങളില്‍ ബോധവല്കരണ മാജിക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജു കടയ്ക്കല്‍. ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇത് പോലെയുള്ള ബോധവല്‍ക്കരണ മാജിക് ഷോ അവതരിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഓരോ വിദ്യാഭ്യാസ ജില്ലയുടെയും കീഴിലുള്ള ഉദ്യോഗസ്ഥരെ കണ്ടു നിര്‍ദേശം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഷാജു കടയ്ക്കല്‍. ഉത്സവ സീസണ് ആയതോടുകൂടി മാജിക് ഷോ അവതരിപ്പിക്കാനും തയ്യാറെടുക്കണം. ഓരോ വര്‍ഷവും അന്‍പതില്‍ അധികം വേദികളില്‍ മാജിക് ട്രൂപ്പായി പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. ഒരധ്യാപകന് എന്ന ഉത്തരവാദിത്വം കൂടി ഉള്ളതുകൊണ്ട് അവധി ദിവസങ്ങളിലും രണ്ടു മാസത്തെ വേനല്‍ അവധിക്കാലത്തുമാണ് കൂടുതലും പരിപാടികള്‍ ചെയ്യുന്നത്.
കുടുംബം
ഭാര്യ അനിത മടത്തറ എസ്.എന്‍. യു. പി സ്കൂളിലെ സയന്‍സ് അധ്യാപികയാണ്. മൂത്ത മകള്‍ ഗോപിക ഇളയമകള്‍ മാളവിക . അമ്മയോടൊപ്പം കടയ്ക്കല്‍ വീട്ടിലാണ് താമസം.
ഏകദേശം 3 മണിക്കൂര്‍ നേരം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണം നീണ്ടു പോയി . 'ഇതുവരെ കഴിയാറായില്ലേ' എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ നോട്ടത്തിന്റെ അര്‍ത്ഥം മനസിലാക്കി ഒരു മാജിക് കൂടി കണ്ടിട്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. മകള്‍ ഗോപികയാണ് മാജിക് അവതരിപ്പിച്ചത് . എല്ലാവരെയും പോലെ മാജിക്കിന്റെ പിന്നിലെ രഹസ്യം ചോര്‍ത്താനുള്ള വ്യഗ്രത ആയിരുന്നു എനിക്കും. എന്നാല്‍ എന്റെ കണ്ണുകള്‍ക്ക് പിടിതരാതെ ഗോപിക ഭംഗിയായി മാജിക് അവസാനിപ്പിച്ചു . അതിന്റെ രഹസ്യം ആരാഞ്ഞപ്പോള്‍ ഷാജു കടയ്ക്കലിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി . ചിരിയുടെ അര്‍ത്ഥം മനസിലിക്കാന്‍ എനിക്ക് അധിക നേരം വേണ്ടി വന്നില്ല . “മാജിക് അക്കാദമിയില്‍ ഒരു അഡ്മിഷന് എടുക്കാന്‍ തന്നെ തീരുമാനിച്ചു”
Article by KVT
Magician Shaju Kadakkal | Professional magician | Magic Show
0 comments :
Post a comment
Note: only a member of this blog may post a comment.